Saturday 1 March 2014

നാടകം



കൂട്ടുകാരുണ്ടെങ്കില്‍
രംഗം-1
(പക്ഷികള്‍ ചിലക്കുന്ന ശബ്ദം–മൃഗങ്ങളുടെ ശബ്ദം–കാട്ടാറിന്‍റെ ശബ്ദം)
(കര്‍ട്ടന്‍ ഉയരുമ്പോള്‍ ഒരു കാടിന്‍റെ ദൃശ്യം.ഒരു വലിയ പനമരം–അതിലൊരു പരുന്ത് ഒറ്റക്കിരിക്കുന്നു.)
ആണ്‍പരുന്ത്‌:ഇന്നെന്താ മീന്‍പിടിക്കാന്‍ പെണ്‍പരുന്ത് 
വരാത്തത്.അവള്‍ക്കെന്തെങ്കിലും അസുഖം? കുറച്ചു നേരം കൂടി കാത്തിരിക്കാം.അവളെന്തായാലും വരുമായിരിക്കും.
(അപ്പോഴേക്കും പെണ്‍പരുന്ത് മീന്‍പിടിക്കാന്‍ വന്നു)
പെണ്‍പരുന്ത്:ദൈവമേ ഇന്നലെ കിട്ടിയപോലെ മുഴുത്ത മീനുകളെ ഇന്നും കിട്ടണേ.ദൂരേക്കൊന്നും പറന്നുപോകാന്‍ എനിക്കുവയ്യ...
(ആണ്‍പരുന്ത്‌ അവള്‍ക്കരികിലേക്ക് പറന്നെത്തി)
ആണ്‍പരുന്ത്‌:ഇന്നെന്താ മീന്‍ പിടിക്കാന്‍ വരാന്‍ ഇത്ര വൈകിയത്.ഞാന്‍ കാത്തിരിക്കുകയായിരുന്നു.
(പെണ്‍പരുന്ത് പെട്ടന്നു തിരിഞ്ഞു നോക്കി)
പെണ്‍പരുന്ത്:എന്നെ കാത്തിരിക്കുകയോ?എന്തിന്?
ആണ്‍പരുന്ത്‌:കുറേകാലമായി ഞാന്‍ വിചാരിക്കുന്നു നിന്നോടൊരു കാര്യം പറയാന്‍.എത്ര ശ്രമിച്ചിട്ടും പറയാന്‍ കഴിയുന്നില്ല.
പെണ്‍പരുന്ത്:അതെന്താ ഇത്ര വലിയകാര്യം.ധൈര്യമായി പറയൂ.ഞാനൊന്നു കേള്‍ക്കട്ടെ.
ആണ്‍പരുന്ത്:നോക്കൂ, ഈ വലിയ പനയുടെ മുകളില്‍ ഞാന്‍ താമസം തുടങ്ങിയിട്ട് എത്ര കാലമായി...?
പെണ്‍പരുന്ത്: ആ..എനിക്കറിയില്ല.ഞാന്‍ കാണുന്നകാലം മുതലേ നിങ്ങള്‍ അതിനുമുകളിലാണ്‌ താമസം.
ആണ്‍പരുന്ത്:അപ്പൊ നീയെന്നെ ശ്രദ്ധിച്ചിട്ടുണ്ടല്ലേ !
(പെണ്‍പരുന്ത് നാണിച്ചു തലതാഴ്ത്തുന്നു)
പെണ്‍പരുന്ത്:ചിലപ്പോഴൊക്കെ..
ആണ്‍പരുന്ത്:ഞാന്‍ ഒറ്റക്ക് താമസിച്ചു മടുത്തു.
പെണ്‍പരുന്ത്:അതിനിപ്പൊ ഞാനെന്തു ചെയ്യാനാ..?
ആണ്‍പരുന്ത്:അല്ലാ...നമുക്കൊരുമിച്ച് താമസിച്ചാലോ?എനിക്ക് നിന്നെ ഇഷ്ടമായി.
പെണ്‍പരുന്ത്:എനിക്ക് സമ്മതമാണ്.പക്ഷേ..
ആണ്‍പരുന്ത്:എന്തെങ്കിലും പ്രശ്നം?
പെണ്‍പരുന്ത്:നിങ്ങള്‍ ഒറ്റക്കല്ലേ ജീവിക്കുന്നത്.
ആണ്‍പരുന്ത്:അതെ ഇതുവരെ ഞാന്‍ ഒരുപെണ്‍പരുന്തുമായും കൂട്ടുകൂടിയിട്ടില്ല.
പെണ്‍പരുന്ത്:അതല്ല ഞാനുദ്ദേശിച്ചത്.നമ്മള്‍ ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങിയാല്‍..
ആണ്‍പരുന്ത്:ജീവിക്കാന്‍ തുടങ്ങിയാല്‍....?
പെണ്‍പരുന്ത്:അല്ലാ...എന്തെങ്കിലും ആവശ്യം വന്നാല്‍ സഹായത്തിന് നിങ്ങള്‍ക്ക് കൂട്ടുകാരാരെങ്കിലുമുണ്ടോ?
ആണ്‍പരുന്ത്:അതിനിപ്പം എന്താവശ്യാ ണ്ടാവാ...? തിന്നാനുള്ളതൊക്കെ ഈ മരത്തിലുണ്ട്.താമസിക്കാനാണെങ്കില്‍ നീളമുള്ള പനയുമുണ്ട്. അതുപോരെ നമുക്ക്?  
പെണ്‍പരുന്ത്: അതുശരിതന്നെ പക്ഷെ എന്തെങ്കിലും ആപത്ത് വന്നാല്‍ എന്തുചെയ്യും?      
ആണ്‍പരുന്ത്:ഓ ഞാനത്രയ്ക്ക് ചിന്തിച്ചില്ല.ശരി ഞാനുടനത്തന്നെ  കൂട്ടുകാരെ കണ്ടെത്തിക്കോളാം.അപ്പൊ വിവാഹത്തിന് നിനക്ക് സമ്മതാണല്ലോ?   
പെണ്‍പരുന്ത്:അതെ എനിക്ക് നിങ്ങളെ ഇഷ്ടമാണ്.    
ആണ്‍പരുന്ത്:ആരെയാണ്‌ കൂട്ടുകാരക്കുക.ഇങ്ങനെയൊക്കെ വേണമെന്ന് മുമ്പേ അറിഞ്ഞിരുന്നെങ്കില്‍ കൂട്ടുകാരെയൊക്കെ സംഘടിപ്പിക്കാമായിരുന്നു.ആ.....തടാകക്കരയില്‍ താമസിക്കുന്ന മുതലച്ചാരെ ഞാന്‍ പലപ്രാവശ്യം കണ്ടിട്ടുണ്ട്.ആദ്യം മുതലച്ചാരെത്തന്നെ  കൂട്ടുകാരനാക്കാം.
(മുതലയുടെ അടുത്തേക്ക് പോകുന്നു)
ആണ്‍പരുന്ത്:മുതലച്ചാരെ എനിക്ക് നിന്നെ കൂട്ടുകാരനാക്കാന്‍ വലിയ ഇഷ്ടമാണ്.ഇന്ന് മുതല്‍ നമുക്ക് കൂട്ടുകാരായാലോ?
മുതല: ഓ അതിനെന്താ ഞാനുമിവിടെ ഒറ്റക്കിരുന്നു മടുത്തു.നമുക്ക് കൂട്ടുകാരാവാം.
ആണ്‍പരുന്ത്:വേറെ ആരെയാ നമ്മള്‍ നമ്മുടെ കൂട്ടത്തില്‍ ചേര്‍ക്കേണ്ടത്?
മുതല:നോക്ക് ഈ തടാകത്തിന്‍റെ അങ്ങേ കരയില്‍ ഒരു ഞാറപക്ഷിയുണ്ട് നീ അവളോടും പോയി പറയ്‌.
ആണ്‍പരുന്ത്:ശരി..ശരി..വേറെ ആരെങ്കിലും വേണോ?
മുതല:ഒരാള്‍ കൂടിയുണ്ട്.വടക്കേ കരയിലെ ഗുഹയില്‍ ഒരു സിംഹത്താനുണ്ട്.അവന്‍ ശക്തിമാനാണത്രേ അവനെയും നമ്മുടെ കൂട്ടത്തില്‍ കൂട്ടാം.
ആണ്‍പരുന്ത്:അത് ശരിയാ...സിംഹത്താനുണ്ടെങ്കില്‍പ്പിന്നെ ആരെയും പേടിക്കേണ്ട.
(ഓടിപ്പോകുന്നു,മുതല നോക്കിനിക്കുന്നു)
ആണ്‍പരുന്ത്:നോക്ക് എനിക്കിപ്പോ മൂന്ന് കൂട്ടുകാരായി.നിനക്കിപ്പോ സന്തോഷമായില്ലേ..
പെണ്‍പരുന്ത്:എനിക്ക് വളരെ സന്തോഷമായി.
(വിവാഹം കഴിഞ്ഞു.ആണ്‍പരുന്തും പെണ്‍പരുന്തും ഒരുമിച്ചായി താമസം.അവര്‍ക്ക് കുഞ്ഞുങ്ങളുണ്ടായി)
രംഗം-2
(കര്‍ട്ടന്‍ ഉയരുമ്പോള്‍ കിളിക്കുഞ്ഞുങ്ങളുടെ നിര്‍ത്താതെയുള്ള കരച്ചില്‍...)
പെണ്‍പരുന്ത്:നിങ്ങളൊന്ന് നോക്ക് കുഞ്ഞുങ്ങളുടെ കരച്ചിലാണല്ലോ കേള്‍ക്കുന്നത്.
ആണ്‍പരുന്ത്:നീതന്നെ നോക്ക് ഞാന്‍ കുറച്ചു നേരം കൂടി കിടക്കട്ടെ.
പെണ്‍പരുന്ത്:അയ്യോ....എവിടുന്നാണീ പുക വരുന്നത്.ശ്വാസം കിട്ടുന്നില്ലല്ലേ ദൈവമേ...
(പെണ്‍പരുന്ത് കൂടിനു പുറത്തേക്ക് തലയിട്ടുനോക്കി)
പെണ്‍പരുന്ത്:നോക്ക്,മരത്തിനടിയില്‍ നായാട്ടുകാര്‍ തീയിട്ടിരിക്കുന്നു.നമ്മളെന്തു ചെയ്യും?
ആണ്‍പരുന്ത്:അവരെന്തൊക്കെയോ പറയുന്നുണ്ട്.വാ,നമുക്ക് ശ്രദ്ധിച്ചു കേള്‍ക്കാം.
രംഗം-3
വേട്ടക്കാരന്‍ 1:ഓ....വിശന്നിട്ടു വയ്യ.ഇന്ന്‍ ഒന്നും കിട്ടുമെന്ന് തോന്നുന്നില്ല.
വേട്ടക്കാരന്‍ 2:ശ് ശ്..ഒച്ചയുണ്ടാക്കാതെ,കിളികളുടെ കരച്ചിലല്ലേ കേള്‍ക്കുന്നത്.
വേട്ടക്കാരന്‍ 1: (മരത്തിന്‍റെ മുകളിലേക്ക് നോക്കി)അതെ കുറേ കാലമായി കിളികളുടെ ഇറച്ചി തിന്നിട്ട്.ഇന്നത് കഴിച്ചിട്ടുതന്നെ കാര്യം.
പെണ്‍പരുന്ത്:അയ്യോ,ഇനിയിപ്പൊ എന്തുചെയ്യും.പറക്കാന്‍ കൂടി കഴിയാത്ത എന്‍റെ കുഞ്ഞുങ്ങളെയും കൊണ്ട് ഞാന്‍ എങ്ങോട്ട് പോകും ഈശ്വരാ.നിങ്ങള്‍ക്ക് കുറേ സുഹൃത്തുക്കള്‍ ഇല്ലേ,നിങ്ങള്‍ വേഗം പോയി അവരെയൊക്കെ കുട്ടിയിട്ടു വാ.വേഗം പോ…
ആണ്‍പരുന്ത്:ശരി ശരി..ഞാനവരേയും കൊണ്ട് വേഗം വരാം..അതുവരെ നീ നമ്മുടെ കുഞ്ഞുങ്ങളെ നോക്ക്.പേടിക്കേണ്ട ഞാനിപ്പോള്‍ വരാം.
(ആണ്‍പരുന്ത് പറന്ന് ഞാറപ്പക്ഷിയുടെ അടുത്തെത്തി)
ആണ്‍പരുന്ത്:ചങ്ങാതി,ചങ്ങാതി
ഞാറപ്പക്ഷി: അല്ലാ ഇതാര് പരുന്തോ?ഇതെന്താ ഈ അസമയത്ത്.
ആണ്‍പരുന്ത്:നീ എന്‍റെ കൂടെ വരണം.എന്‍റെ കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാണ്.
ഞാറപ്പക്ഷി:എന്തുപറ്റി..അസുഖമെന്തെങ്കിലും.....?
ആണ്‍പരുന്ത്:ഏയ്‌ അതല്ല.വേട്ടക്കാര്‍ ഞങ്ങള്‍ താമസിക്കുന്ന മരത്തിന്‍ചുവട്ടില്‍ തീയിട്ടിരിക്കുന്നു.ഞങ്ങളെ പിടിച്ചു തിന്നുമെന്ന് അവര്‍ പറയുന്നത് ഞങ്ങള്‍ കേട്ടതാണ്.
(ഞാറപ്പക്ഷി തടാകത്തില്‍ മുങ്ങി,തീയില്‍ ചിറക് കുടഞ്ഞ്‌ തീയണക്കാന്‍ ശ്രമിച്ചു.പക്ഷേ തീയണയുന്നില്ല.വേട്ടക്കാര്‍ തീയൂതിക്കത്തിക്കാന്‍ ശ്രമിച്ചു)  
ആണ്‍പരുന്ത്:നീ മാത്രം വെള്ളം തളിച്ചാല്‍ അണയുകയില്ല.ഞാനും കൂടി വരാം.
(രണ്ടുപേരും കൂടി വെള്ളം തളിക്കുന്നു)
പെണ്‍പരുന്ത്:ഈശ്വരാ തീയണയുന്നില്ലല്ലോ. നിങ്ങള്‍ രണ്ടുപേരും വിചാരിച്ചാല്‍ ഈ തീയണയില്ല. നിങ്ങള്‍ വേഗം പോയി നമ്മുടെ മുതലച്ചാരെ കൂട്ടിക്കൊണ്ടു വരൂ.
ആണ്‍പരുന്ത്:അത് ശരിയാ.മുതലച്ചാരുണ്ടായാല്‍ പിന്നെ പേടിക്കേണ്ട.
(പറന്നു പോകുന്നു)
(നായാട്ടുകാര്‍ മരത്തില്‍ കയറുമ്പോള്‍ തടാകത്തില്‍ ഒരിളക്കം)
വേട്ടക്കാരന്‍ 1:നോക്ക് വലിയ ഏതോ മീനാണെന്നു തോന്നുന്നു.വെള്ള വല്ലാതെ ഇളകുന്നു.
വേട്ടക്കാരന്‍ 2:അല്ല അതൊരു മുതലയാണ്.നീ ഇറങ്ങിവാ നമ്മുക്കതിനെ പിടിക്കാം.
വേട്ടക്കാരന്‍ 1:നില്‍ക്ക് ഞാനീ കാട്ടുവള്ളികള്‍കൊണ്ടൊരു കുരുക്കുണ്ടാക്കട്ടെ.
വേട്ടക്കാരന്‍ 2:വേഗം കുരുക്കെറിയ്
വേട്ടക്കാരന്‍ 1: കിട്ടിപ്പോയി മുതല നമ്മുടെ കുരുക്കില്‍ വീണു.ആഞ്ഞ് വലിക്ക്.നമുക്കിതിനെവേഗം കരക്കെത്തിക്കണം .
(മുതല പെട്ടെന്ന്‍ പുളഞ്ഞു.വേട്ടക്കാരന്‍ വെള്ളത്തില്‍ വീണു.വാലുകൊണ്ട് മുതല അവരെ അടിച്ചു)
വേട്ടക്കാരന്‍ 1+2 :അയ്യോ രക്ഷിക്കണേ എന്‍റെ പുറമാകെ മുറിഞ്ഞേ.
പെണ്‍പരുന്ത്:ഇതൊന്നും പോര.ഇവരെ ഈ കാട്ടില്‍നിന്നും ഓടിക്കണം.നിങ്ങള്‍ വേഗം പോയി സിംഹത്താനെ വിളിച്ചോണ്ടുവാ.
(ആണ്‍പരുന്ത് പറക്കുന്നു)
(സിംഹത്തിന്‍റെ ഗര്‍ജ്ജനം കേള്‍ക്കുന്നു)
വേട്ടക്കാരന്‍ 1:അയ്യോ സിംഹം. ഓടിക്കോ..
വേട്ടക്കാരന്‍ 2:ഞങ്ങളിനി വേട്ടയാടാനില്ലേ ...
(വേട്ടക്കാര്‍ ഓടി മറഞ്ഞു.....സുഹൃത്തുക്കള്‍ വീണ്ടും ഒത്തുകൂടുന്നു)
--------------------കര്‍ട്ടന്‍--------------------


അഞ്ചാംക്ലാസ്സിലെ മലയാളം അടിസ്ഥാനപാഠാവലിയിലെ "കൂട്ടുകാരുണ്ടെങ്കില്‍"എന്ന കഥയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ നാടകം.



    
     


  
              

  
  

No comments:

Post a Comment