Tuesday 20 August 2013

 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 4,5 ക്ലാസ്സുകളില്‍നടന്ന ക്വിസ്മത്സരത്തില്‍ വിജയികളായവര്‍.













ഒരു കുടയും കുഞ്ഞുപെങ്ങളും - മുട്ടത്തുവര്‍ക്കി
 വായനാകുറിപ്പ്  

1961-ലാണ് 'ഒരു കുടയും കുഞ്ഞുപെങ്ങളും' പ്രസിദ്ധീകരിക്കുന്നത്. കഥ തുടങ്ങുന്നത് മഴക്കാലത്താണ്. ബേബിയും ലില്ലിയും ആങ്ങളയും പെങ്ങളുമാണ്. അവര്‍ക്ക് അച്ഛനുമമ്മയുമില്ല. പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞതാണ് അവരുടെ പകലുകളും രാത്രികളും. ബേബിക്ക് ലില്ലിയും ലില്ലിക്ക് ബേബിയും പ്രാണനാണ്. അമ്മയുടെ സഹോദരി മാമ്മിത്തള്ളയാണ് കൂടെയുള്ളത്. മാമ്മിത്തള്ളക്ക് രണ്ട് പേരെയും കണ്ണെടുത്താല്‍ കണ്ടുകൂട. തരംകിട്ടും പോലെ അവരെ ഉപദ്രവിക്കുക മാമിത്തള്ളയുടെ ശീലമായിരുന്നു. മഴ തിമിര്‍ത്ത് പെയ്യുന്ന ഒരു പകല്‍. സ്വന്തമായി കുടയില്ല ഇരുവര്‍ക്കും. സ്‌കൂളില്‍ പോകേണ്ട സമയവുമായി. 'ആരെങ്കിലും കുടയില്‍ കൂട്ടുമോ..' എന്ന് നോക്കി ഉമ്മറത്തിരിക്കെയാണ് ഗ്രേസി വരുന്നത് ബേബി കാണുന്നത്.
'
ലില്ലീ മഴ വരുന്നു, നീ ആ പെണ്ണിന്റെ കൂടെ പൊയ്‌ക്കോ.'
എന്ന് ബേബി ലില്ലിയോട് പറഞ്ഞ് അവന്‍
ഗ്രേസി പക്ഷേ പണമുള്ള വീട്ടിലെ കുട്ടിയാണ്. അതിന്റെ അഹങ്കാരം അവള്‍ക്കുണ്ട്. അവള്‍ ലില്ലിയെ കുടയില്‍ കൂട്ടിയില്ല. പാവം ലില്ലി മഴയിലൂടെ സ്‌കൂളിലേക്ക് ഓടി. സ്‌ളേറ്റ് നിലത്ത് വീണുപൊട്ടി. പുസ്തകം കീറി. നനഞ്ഞ് കുളിച്ച് ക്ലാസിലെത്തിയ അവളെ ടീച്ചര്‍ ക്ലാസില്‍ കയറ്റിയതുമില്ല. ബേബിയിതറിഞ്ഞു. അനിയത്തിയോട് ഗ്രേസിയങ്ങനെ ചെയ്തതില്‍ അവന് എന്തെന്നില്ലാത്ത ദേഷ്യം വന്നു. ഗ്രേസിയുടെ വീട്ടില്‍ ചെന്ന് അവളെ പുറത്തേക്ക് വിളിച്ച് കല്ലുകൊണ്ടവളുടെ നെറ്റിയറിഞ്ഞ് പൊട്ടിച്ചു ബേബി. നാട്ടുകാര്‍ ഓടിക്കൂടി. പേടിയോടേ അവന്‍ ഒരിടത്ത് ഒളിച്ചിരുന്നു. പോലീസ് വരുമെന്നവന് ഉറപ്പായി. രാത്രി മൂത്തപ്പോള്‍ അവന്‍ വീട്ടിലെത്തി ലില്ലിയോട് പറഞ്ഞു, താന്‍ എവിടേക്കെങ്കിലും പോവുകയാണെന്നും മടങ്ങി വരുമ്പോള്‍ കുഞ്ഞുപെങ്ങള്‍ക്ക് ചില്ലുകൈപ്പിടിയില്‍ കുരുവിയുടെ രൂപമുള്ള കുടയുമായി വരുമെന്നും.
ബേബി നാടുവിട്ടു.

മാമ്മിത്തള്ളയുടെ ഉപദ്രവം സഹിച്ച് ലില്ലി വീട്ടില്‍ കഴിഞ്ഞു. ലില്ലിയെ കൊണ്ട് മാമ്മിത്തള്ള വീട്ടുജോലി ചെയ്യിക്കുകയും ഉപദ്രവിക്കുകയും സ്‌കൂളില്‍ പോകരുതെന്ന് പറയുകയും ചെയ്തു. ഒരു ദിവസം ലില്ലിയുടെ കൈയ്യില്‍ നിന്നറിയാതെ ഒരു പിഞ്ഞാണം താഴെ വീണുപൊട്ടി. മാമ്മിത്തള്ള അവളെ ഒരു പാട് തല്ലി. പിറ്റേദിനം അവളും വീടുവിട്ടിറങ്ങി.

നഗരത്തിലൂടെയലയവെ ബോബിയുടെ ലക്ഷ്യം കുഞ്ഞുപെങ്ങള്‍ക്ക് ചില്ലുകൈപ്പിടിയില്‍ കുരുവിയുടെ രൂപമുള്ള കുട വാങ്ങുക എന്ന് മാത്രമായിരുന്നു. മനസ്സില്‍ അവനത് പതിനായിരം വട്ടം പറഞ്ഞുകഴിഞ്ഞു.

ലില്ലി ഒരു ഡോക്ടറുടെയരികിലെത്തിപ്പെടുന്നു. അദ്ദേഹത്തിന് അവളെ ഏറെ ഇഷ്ടമായി. അയാളുടെ രണ്ട് മക്കള്‍ക്കൊപ്പം അവള്‍ വളരുന്നു. ഊണിലുമുറക്കത്തിലും ഇച്ചാച്ചനെ കണ്ടെത്തണം എന്നത് മാത്രമായിരുന്നു അവളുടെ ചിന്ത.

സൗദാമിനി എന്ന സംഗീതാദ്ധ്യാപികയുടെ വീട്ടില്‍ ബേബിയെത്തിപ്പെടുന്നു. അവര്‍ അവനെ വളര്‍ത്തുന്നു. ഡോക്ടറുടെ മക്കളുടെ സംഗീതാദ്ധ്യാപിക ആയിരുന്നു സൗദാമിനി. സൗദാമിനിയില്‍ നിന്ന് ബേബിയെക്കുറിച്ചറിഞ്ഞ ഡോക്ടര്‍ അവനെ തന്റെ വീട്ടിലേക്കു കൂട്ടുന്നു. ബേബി ലില്ലിയെ കാണുന്നു.

ബേബി പഠിച്ചുവളര്‍ന്ന് ഡോക്ടറാകുന്നു. ഡോക്ടറുടെ മകള്‍ മോളിയെ ബേബിയും ലില്ലിയെ ഡോക്ടറുടെ മകന്‍ ജോയിയും വിവാഹം ചെയ്യുന്നു.

ബേബിയുടെ ശസ്ത്രക്രിയയില്‍ ഒരു യുവതിയുടെ അസുഖം ഭേദമാവുന്നു. ആ യുവതിയും ഭര്‍ത്താവും നന്ദിപൂര്‍വ്വം നീട്ടുന്ന പണം ബേബി വാങ്ങുന്നില്ല. പകരം ഒരു കുട സമ്മാനമായി ചോദിക്കുകയാണ് അവന്‍. അവര്‍ കുടയുമായി വരുമ്പോള്‍ ലില്ലിയും എത്തിയിരുന്നു, ഇച്ചാച്ചന്‍ മഴ നനഞ്ഞ രാത്രിയില്‍ വാഗ്ദാനം ചെയ്ത് ചില്ലുകൈപ്പിടിയില്‍ കുരുവിയുടെ രൂപമുള്ള കുട ഏറ്റുവാങ്ങാന്‍. കുട ലില്ലിക്ക് നല്‍കവെ 'നിന്നെ പണ്ട് കുടയില്‍ കൂട്ടാത്ത ഗ്രേസിയാണ്' യുവതിയെന്ന് ബേബി ലില്ലിയെ അറിയിക്കുന്നു. സ്‌കൂള്‍കാലത്തിന്റെ ഓര്‍മയില്‍ അവര്‍ സന്തോഷിക്കുമ്പോള്‍ നോവല്‍ അവസാനിക്കുന്നു.

ഒരു മഴക്കാലത്താണ് 'ഒരു കുടയും കുഞ്ഞുപെങ്ങളും' വായിക്കുന്നത്. മഴ പെയ്യുമ്പോള്‍ ഓര്‍മയിലിടയ്ക്ക് വരാറുണ്ട് ഇച്ചാച്ചനും കുഞ്ഞുപെങ്ങളും. കുട്ടിക്കാലത്ത് ഒരു പുതിയ കുട സ്വന്തമായി കിട്ടാനുള്ള കഷ്ടപ്പാട് ഇന്നത്തെ കുട്ടികള്‍ക്ക് അറിയില്ലായിരിക്കാം. പക്ഷേ, പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടിന്‍പുറത്തെ ഒരു കുട്ടിക്ക് പുത്തന്‍കുട എന്നുള്ളത് എളുപ്പത്തില്‍ പ്രാപ്യമായ ഒന്നായിരുന്നില്ല. അല്ലി പൊട്ടിയ, ചോര്‍ന്നൊലിക്കുന്ന കുടയും കൊണ്ട് / സുഹൃത്തിന്റെ കുടയില്‍ തലയും ബാഗും നനയാതിരിക്കാന്‍ വെച്ച് ഉസ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍ നാട്ടിന്‍പുറത്ത് സാധാരണമായിരുന്നു. അതുകൊണ്ട് തന്നെ 'ഒരു കുടയും കുഞ്ഞുപെങ്ങളും' വായിക്കുമ്പോള്‍ അവിടെയെവിടെയോ തങ്ങളുമുണ്ടെന്ന് അന്നത്തെ കുട്ടികള്‍ക്ക് തോന്നിയിരിക്കണം. ഇന്നത്തെ കുട്ടികള്‍ക്ക് തോന്നാം, തോന്നില്ലായിരിക്കാം. പക്ഷേ കുഞ്ഞുപെങ്ങളും ഇച്ചാച്ചനും അവരെ കരയിപ്പിക്കാതെ വിടില്ലെന്നുറപ്പാണ്. സ്‌നേഹം മാത്രം നിറഞ്ഞ കഥയാണിത്. വായിച്ചവര്‍ക്ക് വീണ്ടും വായിക്കാന്‍ തോന്നുന്ന, വായിച്ചുകഴിഞ്ഞാല്‍ മനസ്സില്‍ സ്‌നേഹം നിറയുന്ന, അനിയന്മാരെയും അനിയത്തിമാരെയും ഓര്‍മിപ്പിക്കുന്ന, മഴ നനഞ്ഞ് സ്‌കൂളില്‍ പോയ നല്ല കാലത്തെ വിളിച്ചുകൊണ്ടുവരുന്ന പുസ്തകമാണിത്. നന്മയും സ്‌നേഹവുമാണ് ഇതിന്റെ കാതല്‍. സ്‌നേഹവും നന്മയും നിറഞ്ഞയൊരിടവും ഒരിക്കലും ചിതലരിക്കില്ല. അമ്പത് വര്‍ഷം കഴിഞ്ഞിട്ടും ഒരു കുടയും കുഞ്ഞുപെങ്ങളും കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രിയപുസ്തകമായി തുടരുന്നതിന് പിന്നില്‍ നിറഞ്ഞ സ്‌നേഹത്തിന്റെയും നന്മയുടെയും പിന്‍ബലമുണ്ട്.

2 comments:

  1. തികച്ചും യാദൃശ്ചികമായാണ് ഈ സൈറ്റ് ശ്രദ്ധയിൽ പെട്ടത്. മിടുക്കന്മാരേയും മിടുക്കികളേയും കണ്ടു. വായനാക്കുറിപ്പിൽ, ഒരു കുടയും കുഞ്ഞുപെങ്ങളും കണ്ടപ്പോൾ വായിച്ചു. ഒരിക്കലും മറക്കാത്ത എന്റെയും ഒരു വായനാനുഭവം ആണിത്. നല്ല ഭാഷയിൽ നോവലിലെ ഉള്ളടക്കത്തിൽ നിന്ന് ഒരൽപംപോലും വ്യതിചലിക്കാതെ എഴുതിയിരിക്കുന്ന ഈ കുറിപ്പ് വളരെ ഇഷ്ടപ്പെട്ടു. ഞാൻ കുറെ നേരത്തേക്ക് പഴയ യു. പി. സ്കൂൾ വിദ്യാര്ത്ഥിയായി മാറി.

    നാലഞ്ചു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഈ നോവലും ഇതിലെ കഥാപാത്രങ്ങളും എന്നിൽ ഇന്നും ജീവിക്കുന്നു. നോവലിസ്റ്റിനു ആദരാഞ്ജലികൾ. ഈ കുറിപ്പ് തയാറാക്കിയ വ്യക്തിക്ക് ആശംസകൾ.

    ReplyDelete
  2. ഞങ്ങളുടെ ബ്ലോഗ്‌ സന്ദർശിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തതിന്‌ ഒരുപാട്‌ നന്ദി .

    ReplyDelete